-->

Monday, September 30, 2013

Panthanjal malayalam kavitha by villoppally

കവിത: പന്തങ്ങള്‍
രചന: വൈലോപ്പിള്ളി
*********************
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍

like us on facebook 

No comments:

Post a Comment

JavaScript Free Code